കണ്ണൂർ: ശബരിമല സ്വർണ കൊള്ളയിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിയുടെയും കടകംപള്ളി സുരേന്ദ്രന്റേയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുഖം മൂടി അണിഞ്ഞു പോറ്റിയെ കേറ്റിയെ എന്ന പാട്ടും വച്ച് സൈക്കിൾ ഉന്തി പാട്ടുപാടിയാണ് തെരുവിലൂടെ പ്രതിഷേധമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീങ്ങിയത്.
ഡിസിസി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം പഴയ സ്റ്റാൻഡ് വഴി കാൾടെക്സിൽ അവസാനിച്ചു. കെപിസിസി മെംബർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു മുഖ്യ പ്രഭാഷണം നടത്തി.
വി.പി. അബ്ദുൾ റഷീദ്, രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, എ. ജീന, ഫർഹാൻ മുണ്ടേരി, എം.കെ. വരുൺ, പ്രിൻസ് പി ജോർജ് എന്നിവർ പ്രസംഗിച്ചു.